അക്കരയ്‌ക്കു യാത്ര
അക്കരയ്‌ക്കു യാത്ര ചെയ്യും
സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍ പടകിലുണ്ട്
വിശ്വാസമാം പടകില്‍
യാത്ര ചെയ്യുന്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുന്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണ് എന്റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
കുഞ്ഞാടതിന്‍ വിളക്കാണെ
ഇരുളൊരു ലേശവുമവിടെയില്ല
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ
ഉത്സവവസ്ത്രം
മരണയോര്‍ദ്ദാന്‍ കടക്കുന്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ
മരണത്തെ ജയിച്ചേശു കൂടെയുണ്ട്
ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍
അനുഗ്രഹത്തിന്നധിപതിയേ
അനുഗ്രഹത്തിന്നധിപതിയേ !
അനന്തകൃപ പെരും നദിയേ !
അനുദിനം നിന്‍ പദം ഗതിയേ !
അടിയനു നിന്‍ കൃപ മതിയേ !
വന്‍വിനകള്‍ വന്നിടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയം
വന്നിടുമോ പിന്നെ ഭയം ?
തന്നുയിരെ പാപികള്‍ക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നെ ?
തീരുമോ നിന്‍ സ്നേഹമെന്നില്‍ ?
തിരുക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തിന്‍ പ്രകാശനങ്ങള്‍
പാരിടമാം പാഴ്‌മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍
അസാദ്ധ്യമായ് എനിക്കൊന്നുമില്ല
അസാദ്ധ്യമായ് എനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്റെ ദൈവം എന്നെ നടത്തുന്നു
സാധ്യമെ എല്ലാം സാധ്യമെ - എന്‍
യേശു എന്‍ കൂടെയുള്ളതാല്‍
ഭാരം പ്രയാസങ്ങള്‍ വന്നിടിലും
തെല്ലും കുലുങ്ങുകയില്ല ഇനി
ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
എന്റെ ഉള്ളത്തിലവന്‍ നിറയ്‌ക്കുന്നു -
സാത്ത്യാന ശക്തികളെ ജയിക്കും ഞാന്‍
വചനത്തിന്‍ ശക്തിയാല്‍ ജയിക്കും ഞാന്‍
ബുദ്ധിക്കതീതമാം ശക്തി എന്നില്‍ നിറ-
ച്ചെന്നെ ജയാളിയായ് നടത്തിടുന്നു
ആരാധനയ്‌ക്കു യോഗ്യനെ
ആരാധനയ്‌ക്കു യോഗ്യനെ -നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ (2)
ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥനെ
ആത്മാവിലാരാധിക്കും കര്‍ത്താവിനെ
നിത്യം സ്തുതിച്ചിടും ഞാന്‍
പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്റെ
പാണിയാല്‍ പിടിച്ചെടുത്തു
പാവനനിണം തന്നു
പാപത്തിന്‍ കറ പോക്കി
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ - എന്നാളും
ആത്മാവിലാരാധിക്കും -
വാഗ്‌ദത്തം പോലെ നിന്റെ - സന്നിധാനേ
നിന്‍മക്കള്‍ കൂടിടുന്പോള്‍
മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര
ചെയ്‌തവന്‍ നീ മാത്രമേ -നിന്നെ ഞങ്ങള്‍
ആത്മാവിലാരാധിക്കും -
ഹോരേബില്‍ മോശ കണ്ട മുള്‍പ്പടര്‍പ്പില്‍
കത്തിയതാം അഗ്നി നീ
നിന്‍മക്കളില്‍ പകര്‍ന്നത്ഭുതം ചെയ്യുവാന്‍
ബന്ധനം അഴിഞ്ഞിട്ടിന്ന് നിന്‍ ദാസര്‍
ആത്മാവിലാരാധിക്കും -
ആദിമനൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍
നിന്നാവിപകര്‍ന്നപോല്‍
നിന്‍ ദാസര്‍ മദ്ധ്യത്തില്‍
നിന്‍ ശക്തി അയച്ചിടുക -
നിന്നെ ഞങ്ങള്‍ ആത്മാവിലാരാധിപ്പാന്‍ -
ചെങ്കടല്‍ കടന്ന മിര്യാം തന്‍ കൈയില്‍
തപ്പെടുത്താര്‍ത്തതുപോല്‍
പാപത്തിന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞതാല്‍
ഞാന്‍ നിന്നെ ആരാധിക്കും -
ആത്മാവിലും സത്യത്തിലും സ്തുതിക്കും -
അടവിതരുക്കളിന്നിടയില്‍
അടവിതരുക്കളിന്നിടയില്‍
ഒരു നാരകം എന്നവണ്ണം
വിശുദ്ധരിന്‍ നടുവില്‍ക്കാണുന്നേ
അതിശ്രേഷ്‌ഠനാമേശുവിനെ
വാഴ്‌ത്തുമേ എന്റെ പ്രിയനെ
ജീവകാലമെല്ലാം
ഈ മരുയാത്രയില്‍ നന്ദിയോടെ
ഞാന്‍ പാടിടുമേ
പനിനീര്‍ പുഷ്പം ശാരോനിലവന്‍
താമരയുമേ താഴ്‌വരയില്‍ -
വിശുദ്ധരില്‍ അതിവിശുദ്ധനവന്‍
മാ- സൗന്ദര്യ സന്പൂര്‍ണ്ണനെ -
പകര്‍ന്നതൈലം പോല്‍ നിന്‍ നാമം
പാരില്‍ സൗരഭ്യം വീശുന്നതാല്‍
പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ് മാറ്റിടണേ -
മന:ക്ലേശതരംഗങ്ങളാല്‍
ദു:ഖസാഗരത്തില്‍ മുങ്ങുന്പോള്‍
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ-
തിരുഹിതമിഹെ തികച്ചിടുവാന്‍
ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ
എന്റെ വേലയെ തികച്ചുംകൊണ്ടു
നിന്റെ മുന്പില്‍ ഞാന്‍ നിന്നിടുവാന്‍
അത്‌ഭുതം യേശുവിന്‍
അത്‌ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം
എല്ലാരും ഏകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍
വല്ലഭനായ് വെളിപ്പെടുമേ
നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്‌മശക്‌തിയാലും
തിരുവചനം അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ
മിന്നല്‍പ്പിണരുകള്‍ വീശും
പിന്മാരിയെ ഊറ്റുമവന്‍
ഉണരുകയായ് ജനകോടികള്‍
തകരുമപ്പോള്‍ ദുര്‍ശക്തികളും
വെള്ളിയും പൊന്നൊന്നുമല്ല
ക്രിസ്‌തേശുവിന്‍ നാമത്തിനാല്‍
അത്‌ഭുതങ്ങള്‍ അടയാളങ്ങള്‍
നടന്നിടുമേ തന്‍ഭുജബലത്താല്‍
കുരുടരിന്‍ കണ്ണുകള്‍ തുറക്കും
കാതു കേട്ടീടും ചെകിടര്‍ക്കുമേ
മുടന്തുള്ളവര്‍ കുതിച്ചുയരും
ഊമരെല്ലാം സ്‌തുതി മുഴക്കും
ഭൂതങ്ങള്‍ വിട്ടുടന്‍ പോകും
സര്‍വ്വബാധയും നീങ്ങീടുമേ
രോഗികളും ആശ്വസിക്കും
ഗീതസ്വരം മുഴങ്ങിടുമേ
നിന്ദിത പാത്രരായ് മേവാന്‍ നമ്മെ
നായകന്‍ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക
തിരുക്കരങ്ങള്‍ നമ്മോടിരിക്കും
ആരാധിക്കുന്പോള്‍
ആരാധിക്കുന്പോള്‍ വിടുതല്‍
ആരാധിക്കുന്പോള്‍ സൗഖ്യം (2)
ദേഹം ദേഹി ആത്മാവില്‍
സമാധാനം സന്തോഷം
ദാനമായ് നാഥന്‍ നല്‍കിടും (2)
പ്രാര്‍ത്ഥിക്കാം ആത്മാവില്‍
ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍ (2)
വിടുതല്‍ എന്നും പ്രാപിക്കാം (2)
യാചിപ്പിന്‍ എന്നാല്‍ ലഭിക്കും
അന്വേഷിപ്പിന്‍ കണ്ടെത്തും (2)
മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ
പ്രാപിക്കാം എത്രയോ നന്മകള്‍ (2)
മടുത്തുപോകാതെ പ്രാര്‍ത്ഥിക്കാം
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം (2)
നീതിമാന്റെ പ്രാര്‍ത്ഥന
ശ്രദ്ധയുള്ള പ്രാര്‍ത്ഥന
ഫലിക്കും രോഗിക്ക് സൗഖ്യമായ് (2)
ഇത്രത്തോളം യഹോവ
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്‌മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍
മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടുംവീടും വിട്ടു ഞാന്‍ അലഞ്ഞപ്പോള്‍
സ്വന്തവീട്ടില്‍ ചേര്‍ത്തുകൊള്ളാം
എന്നുരച്ചനാഥനെ
ഇത്രത്തോളം യഹോവ സഹായിച്ചു
കണ്ണുനീരും ദു:ഖവും നിരാശയും
പൂര്‍ണ്ണമായി നീങ്ങിടും ദിനം വരും
അന്നുപാടും ദൂതര്‍ മദ്ധ്യേ
ആര്‍ത്തുപാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു
ഉണര്‍വ്വിന്‍ വരം
ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ. . .നിന്റെ വന്‍ കൃപകള്‍
ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ
(ഉണര്‍വ്വിന്‍)
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍
ആശിഷമാരി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
(ഉണര്‍വ്വിന്‍)
തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍
ശാശ്വത ശാന്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
എണ്ണി എണ്ണി സ്‌തുതിക്കുവാന്‍
എണ്ണി എണ്ണി സ്‌തുതിക്കുവാന്‍
എണ്ണമില്ലാത്ത കൃപകളിനാല്‍
ഇന്നയോളം തന്‍ ഭുജത്താല്‍
നിന്നെ താങ്ങിയ നാമമേ
ഉന്നം വച്ച വൈരിയിന്‍
കണ്ണിന്‍ മുന്പില്‍ പതറാതെ
കണ്‍മണിപോല്‍ കാക്കും കരങ്ങളില്‍
നിന്നെ മൂടി മറച്ചില്ലേ?-
യോര്‍ദ്ദാന്‍ കലങ്ങി മറിയും
ജീവിതഭാരങ്ങള്‍
ഏലിയാവിന്‍ പുതപ്പെവിടെ
നിന്റെ വിശ്വാസ ശോധനയില്‍ ?-
നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവന്‍ നിന്നവകാശം
തന്റെ ദാസരിന്‍ നീതിയവന്‍ -
എന്നോടുള്ള നിന്‍
എന്നോടുള്ള നിന്‍ സര്‍വ്വ
നന്മകള്‍ക്കായി ഞാന്‍
എന്തു ചെയ്യേണ്ടു നിന
ക്കേശുപരാ !- ഇപ്പോള്‍
നന്ദികൊണ്ടെന്റെയുള്ളം
നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി
പാടിടുന്നേന്‍ - ദേവാ
പാപത്തില്‍ നിന്നു എന്നെ
കോരിയെടുപ്പാനായ്
ശാപശിക്ഷകളേറ്റ
ദേവാത്മജാ - മഹാ
എന്നെയന്‍പോടു ദിനം
തോറും നടത്തുന്ന
പൊന്നിടയന്നന്തം
വന്ദനമേ - എന്റെ
അന്ത്യം വരെയുമെന്നെ
കാവല്‍ ചെയ്‌തിടുവാന്‍
അന്തികേയുള്ള മഹല്‍
ശക്തി നീയേ - നാഥാ
താതന്‍ സന്നിധിയിലെന്‍
പേര്‍ക്കു സദാ - പക്ഷ -
വാദം ചെയ്യുന്ന മമ
ജീവനാഥാ- പക്ഷ
കുറ്റം കൂടാതെയെന്നെ
തേജസ്സിന്‍ മുന്പാകെ
മുറ്റും നിറുത്താന്‍ കഴി
വുള്ളവനേ - എന്നെ
മന്നിടത്തിലടിയന്‍
ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരു-
നാമത്തിന്നു- ദേവാ
എന്റെ ദൈവത്താല്‍
എന്റെ ദൈവത്താല്‍
എന്റെ ദൈവത്താല്‍
നിശ്‌ചയമനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്റെ വചനം പോലെ ഞാന്‍ ചെയ്യും
തന്റെ വഴിയില്‍ തന്നെ നടക്കും
ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
ജോലിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
എന്റെ വീട്ടില്‍ ആഹാരം കുറയുകയില്ല
ആവശ്യങ്ങളൊന്നുമേ മുടങ്ങുകയില്ല
എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം
ഛിന്നഭിന്നമായ്‌പ്പോകും എന്റെ ദൈവത്താല്‍
എന്റെ ആരോഗ്യം ദൈവദാനമല്ലോ
എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും
ജീവിതപങ്കാളിയും എന്റെ മക്കളും
എന്റെ സന്പത്തും അനുഗ്രഹിക്കപ്പെടും
എന്റെ നന്‍മയ്‌ക്കായ് അവന്‍ സമൃദ്ധി നല്‍കും
എന്നെ വിശുദ്ധജനം ആക്കിടും താന്‍
വായ്‌പ വാങ്ങാനിടവരികയില്ല
കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും
ഉയര്‍ച്ച തന്നെ എന്നും പ്രാപിക്കും ഞാന്‍
ഉന്നതങ്ങളില്‍ എന്നെ മാനിക്കും താന്‍
എന്റെ പ്രിയന്‍ വാനില്‍ വരാറായ്
എന്റെ പ്രിയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
മേഘെധ്വനി മുഴങ്ങും
ദൂതര്‍ ആര്‍ത്തുപാടിടും
നാമും ചേര്‍ന്നുപാടും ദൂതര്‍ തുല്യരായ് (2)
പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്‌തുതിക്കും
നിന്റെ അത്‌ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും (2)
ഞാന്‍ സന്തോഷിച്ചിടും എന്നുംസ്‌തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍ (2)
പീഢിതനൊരഭയസ്ഥാനം
സങ്കടങ്ങളില്‍ നല്‍ത്തുണ നീ (2)
ഞാന്‍ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്റെ യേശുവെന്റെ കൂടെയുള്ളതാല്‍ (2)
തകര്‍ക്കും നീ ദുഷ്‌ട ഭുജത്തെ
ഉടയ്‌ക്കും നീ നീചപാത്രത്തെ
സീയോന്‍ പുത്രി ആര്‍ക്കുക
എന്നുംസ്‌തുതി പാടുക നിന്റെ
രാജരാജന്‍ എഴുന്നള്ളാറായ് (2)
എന്റെ യേശു എനിക്കു നല്ലവന്‍
എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം-
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍ -
മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും -
എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുന്പോള്‍
ഞാന്‍ അവനിടം പറന്നുയരും -
എന്റെ സങ്കേതവും ബലവും
എന്റെ സങ്കേതവും ബലവും
എനിക്കേറ്റവുമടുത്ത തുണയും
എന്തൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ
ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോലൊരുവന്‍ -
എല്ലാ ഭാരങ്ങളും ചുമക്കും എന്നും
താങ്ങിയെന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍
കണ്ണുനീര്‍ തുടയ്‌ക്കും
കാത്തുപാലിക്കുമെന്നെ നിത്യം -
ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാലൊടുവില്‍ വരെയും
ഇനിയെനിക്കെന്നും താന്‍ മതിയാം -
എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ-
എന്‍ മനമെ യഹോവയെ
എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്റെ വിശുദ്ധനാമത്തെ വാഴ്‌ത്തുക
എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്റെ ഉപകാരങ്ങള്‍
ഒന്നും മറന്നീടാതെ (2)
യഹോവ നിന്റെ അകൃത്യമൊ-
ക്കെയും മോചിക്കുന്നു
നിന്റെ രോഗങ്ങളെല്ലാം
സൗഖ്യമാക്കുന്നു
അവന്‍ നിന്റെ ജീവനെ വീണ്ടെടുക്കുന്നു
ദയയും കരുണയും അണിയിക്കുന്നു
കഴുകന്‍പോല്‍ നിന്‍
യൗവ്വനം പുതുകി വരാന്‍
നിന്റെ വായ്‌ക്കവന്‍ നന്മകൊണ്ടു
തൃപ്‌തി തരുന്നു (2)
പീഡിതന്മാര്‍ക്കു നല്ല നീതിപാലകന്‍
കരുണയും കൃപയും എന്നുമുള്ളവന്‍
എന്‍ സങ്കടങ്ങള്‍
എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി
കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ-
എന്റെ ബലവും എന്റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
ഏഴു വിളക്കിന്‍
ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍ കച്ചയണിഞ്ഞും
കാണുന്നേശുവെ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും
യോഗ്യന്‍ യേശുവെ.......ഹാലേലുയ്യാ....
നിന്റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ
എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേ
വേണ്ടെന്‍ യേശുവെ
നിന്റെ ഹിതത്തില്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ
കരുതുന്നവന്‍
കരുതുന്നവന്‍ ഞാന്‍ അല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്‌വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ (2)
എന്റെ മഹത്വം കാണുക നീ
എന്റെ കൈയില്‍ തരിക നിന്നെ
എന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നൂ
എന്നും നടത്തിടും കൃപയാല്‍ -
എല്ലാവരും നിന്നെ മറന്നാല്‍
ഞാന്‍ നിന്നെ മറന്നീടുമോ
എന്റെ കരത്തില്‍ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയില്‍-
അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാന്‍ ചെയ്‌കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാന്‍
ഞാനിന്നും ശക്തനല്ലയോ-
കുഞ്ഞാട്ടിന്‍ തിരുരക്‌തത്താല്‍
കുഞ്ഞാട്ടിന്‍ തിരുരക്‌തത്താല്‍
ഞാന്‍ ശുദ്ധനായ്‌തീര്‍ന്നു
തന്‍ ചങ്കിലെ ശുദ്ധരക്‌തത്താല്‍
ഞാന്‍ ജയം പാടിടും
മഹത്വം രക്ഷകാ സ്‌തുതി നിനക്കെന്നും
ചേറ്റില്‍ നിന്നെന്നെ നീ
വീണ്ടെടുത്തതിനാല്‍
സ്‌തുതിക്കും നിന്നെ ഞാന്‍
ആയുസ്സിന്‍ നാളെല്ലാം
നന്ദിയോടടിവണങ്ങും
ആര്‍പ്പോടെ നിന്നെ ഘോഷിക്കും
ഈ സീയോന്‍ യാത്രയില്‍
മുന്പോട്ടുതന്നെ ഓടുന്നു
എന്‍ വിരുതിനായി
ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്ക്
ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാന്‍
രാജന്‍ കൈയില്‍ നിന്നു
ദൂതന്മാരുടെ മദ്ധ്യത്തില്‍
എന്‍ ഭാഗ്യകാലമോര്‍ക്കുന്പോള്‍
എന്നുള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാന്‍
ആ ഭാഗ്യം കണ്ടപ്പോള്‍ നിത്യമാം രാജ്യത്തില്‍
അന്നു ഞാന്‍ പാടിടും
രാജന്‍മുഖം കണ്ടു
എന്നും ഞാന്‍ ഘോഷിക്കും
രക്തത്തിന്‍ ഫലമായ്
വാഴുമേ സ്വര്‍ഗ്ഗത്തില്‍
കോടി കോടി യുഗങ്ങളായി
മനോഹരമാം സീയോനില്‍
ഞാന്‍ വേഗം ചേര്‍ന്നിടും
എന്‍ ക്ലേശമാകെ നീങ്ങിപ്പോം
അവിടെ എത്തുന്പോള്‍
നിത്യമാം സന്തോഷം
പ്രാപിക്കും അന്നു ഞാന്‍
എന്‍ ശത്രുവിന്നത് എടുപ്പാന്‍ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശു രാജന്‍ മുന്പാകെ
ദയ ലഭിച്ചോര്‍
ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
അതിനു യോഗ്യന്‍ ക്രിസ്‌തുവത്രേ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്‌ത്തീടാം -
നിന്‍ തിരുമേനിയറുക്കപ്പെട്ടു നിന്‍
രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
ഗോത്രങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍,
ജാതികള്‍ സര്‍വ്വവും ചേര്‍ത്തുകൊണ്ട്
പാപത്തിന്നധീനതയില്‍ നിന്നീ-
യടിയാരെ നീ വിടുവിച്ചു
അത്‌ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ
രാജ്യത്തിലാക്കിയതാല്‍ -
വീഴുന്നു പ്രിയനെ വാഴ്‌ത്തീടുവാന്‍
സിംഹാസന വാസികളും താന്‍
ആയവനരുളിയ രക്ഷയിന്‍ മഹിമയ്‌ക്കായ്
കിരീടങ്ങള്‍ താഴെയിട്ട് -
ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്‌ദമത്
സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
ശബ്‌ദത്താല്‍ പരിശുദ്ധയാം സഭയെ ! -
യേശുതാന്‍ വേഗം വരുന്നതിനാല്‍
മുഴങ്കാല്‍ മടക്കി നമസ്‌കരിക്കാം - നമ്മെ
സ്‌നേഹിച്ച യേശുവെ കണ്ടീടുവോം നാം
ആനന്ദനാളതിലേ
ദൈവകൃപയില്‍ ഞാനാശ്രയിച്ച്
ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയില്‍
എന്നു ആനന്ദം ഉണ്ടെനിക്ക്-
മനോവേദന പല ശോധന
മമ ജീവിത പാതയിതില്‍
മാറാതേറിടുന്പോള്‍ ആത്മനാഥനവന്‍
മാറില്‍ ചാരി ഞാനശ്വസിക്കും -
എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍ -
എന്റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍ -
നന്ദിയാലെന്നുള്ളം
നന്ദിയാലെന്നുള്ളം തുള്ളുന്നേ
വല്ലഭാ നിന്‍ കൃപയോര്‍ക്കുന്പോള്‍
വര്‍ണ്ണിച്ചിടാന്‍ സാദ്ധ്യമല്ലത്
എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍
കൊടും പാപിയായിരുന്നെന്നെ
വന്‍ ചേറ്റില്‍ നിന്നും കയറ്റി
ക്രിസ്‌തുവാകും പാറമേല്‍ നിര്‍ത്തി
പുത്തന്‍ പാട്ടുമെന്റെ
നാവില്‍ തന്നതാല്‍
വന്‍ ശോധനാവേളയില്‍
തീച്ചൂളയിന്‍ നടുവില്‍
ചാരത്തണഞ്ഞു രക്ഷിച്ച
മമ കാന്തനെ നിന്‍ -
സ്‌നേഹമോര്‍ക്കുന്പോള്‍
ഈ ലോകം തരാത്ത ശാന്തിയെന്‍
ഹൃത്തേ നിറച്ച സ്‌നേഹമായ്
എന്നെന്നും കാത്തിടുന്നെന്നെ
നിത്യ കാന്തയായ് താന്‍
കൂടെ വാഴുവാന്‍ -
നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍
നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം ക്ഷമിക്കുന്നവന്‍
പുതുജീവനെന്നില്‍ പകരുന്നവന്‍
യേശു. . . യേശു. . . അവനാരിലും വലിയവന്‍
യേശു. . .യേശു. . അവനാരിലും മതിയായവന്‍ (2)
ഇരുള്‍ നമ്മെ മൂടിന്പോള്‍
ലോക വെളിച്ചമായി അവനണയും
രോഗികളായിടുന്പോള്‍
സൗഖ്യദായകന്‍ അവന്‍ കരുതും
അവനാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍
നമ്മെ നിറച്ചീടും അനുദിനവും (യേശു. . . . . .)
ദൈവത്തെ സ്‌നേഹിക്കുന്പോള്‍
സര്‍വ്വം നന്മയ്‌ക്കായി ഭവിച്ചിടുന്നു
തിരുഹിതമനുസരിച്ചാല്‍
നമുക്കൊരുക്കിടും അവനധികം
കൃപയരുളീടുമേ ..... ബലമണിയിക്കുമേ.....
മാറാമധുരമായി മാറ്റീടുമേ. . . . . (യേശു. . . .)
നീ എന്റെ സങ്കേതവും
നീ എന്റെ സങ്കേതവും
നീ എന്റെ കോട്ടയും
നീ എന്റെ പ്രാണനാഥന്‍
നീ എന്‍ ദൈവം
ആരാധിക്കും ഞാന്‍
പൂര്‍ണ്ണഹൃദയമോടെ
തേടും നിന്മുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാന്‍
എന്‍ സര്‍വ്വവുമായ്
അടിയനിതാ
അടിയനിതാ ദേവാ (2)
അടിയനിതാ
നീ എന്റെ രക്ഷകനും
നീ എന്റെ വൈദ്യനും
നീ എന്റെ ആലംബവും
നീ എന്‍ ദൈവം
നീ എന്റെ പാലകനും
നീ എന്റെ ആശ്വാസവും
നീ എന്റെ മറവിടവും
നി എന്‍ ദൈവം
നീങ്ങിപ്പോയ് എന്റെ ഭാരങ്ങള്‍
നീങ്ങിപ്പോയ് എന്റെ ഭാരങ്ങള്‍
മാറിപ്പോയ് എന്റെ ശാപങ്ങള്‍
സൗഖ്യമായ് എന്റെ രോഗങ്ങള്‍
യേശുവിന്‍ നാമത്തില്‍ .......( 2)
ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്‌ത്തിടും
സര്‍ശക്തനായവനെ........( 2)
യേശുവിന്‍ നാമം വിടുതലായി
യേശുവിന്‍ നാമം രക്ഷയ്‌ക്കായി
യേശുവിന്‍ നാമം സൗഖ്യമായി
യേശുവിന്‍ നാമത്തില്‍ ......( 2)
ഹാല്ലേല്ലുയ്യാ...
യേശുവിന്‍ രക്തം കഴുകലായി
യേശുവിന്‍ രക്തം ശുദ്ധിയ്‌ക്കായി
യേശുവിന്‍ രക്തം വിടുതലായി
യേശുവിന്‍ നാമത്തില്‍......(2)
ഹാല്ലേല്ലുയ്യാ...
പരമപിതാവിനു സ്തുതി പാടാം
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു
അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയില്‍ പാലിച്ചവന്‍
ആഹാരപാനീയമേകിയവന്‍
നിത്യമാം ജീവനും നല്‍കീടുന്നു -
ഇടയനെപ്പോല്‍ നമ്മെ തേടി വന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
സ്വന്തമാക്കി നമ്മെ തീര്‍ത്തിടുവാന്‍
സ്വന്ത രക്തം നമുക്കേകിയതാല്‍
കൂടുകളെ കൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ ,
നിലംപരിചായ് നാം നശിച്ചിടാതെ -
സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുന്പിടാമവന്‍ മുന്പിലാദരവായ്
ഹല്ലേല്ലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിന്‍ പാറ -
പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ ശക്തി
പകര്‍ന്നീടേണേ
അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവെ നീ അറിയുന്നു
ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍
ആദിയിലെന്നപോലാത്മാവേ
അമിതബലം തരണേ
ലോകത്തിന്‍ മോഹം വിട്ടോടുവാന്‍
സാത്താന്യ ശക്തിയെ ജയിച്ചിടുവാന്‍
ധീരതയോടു നിന്‍ വേല ചെയ്‌വാന്‍
അഭിഷേകം ചെയ്‌തിടണേ
കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍
ഞങ്ങള്‍ വചനത്തില്‍
വേരൂന്നി വളര്‍ന്നിടുവാന്‍
പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ
നിന്‍ ജനം ഉണര്‍ന്നിടുവാന്‍
പറഞ്ഞുതീരാത്ത ദാനം
പറഞ്ഞുതീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്തോത്രം
എന്റെ ദൈവത്തിനു സ്തോത്രം (2)
എണ്ണിയാല്‍ തീരാത്ത നന്‍മകളോര്‍ത്ത്
ദൈവത്തിനു സ്തോത്രം
എന്റെ ദൈവത്തിനു സ്തോത്രം (2)
കൃപയാല്‍ കൃപയാല്‍
ദൈവത്തിന്‍ കൃപയാ....ല്‍
ദയയാല്‍ ദയയാ....ല്‍
ദൈവത്തിന്‍ ദയയാല്‍
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി
ക്രിസ്‌തുവെന്ന പാറമേല്‍ നിറുത്തിയതോ
ദൈവകൃപയാല്‍ ദൈവകൃപയാല്‍
ശ്രേഷ്ഠകരമായ പദവികള്‍ക്കായ്
നിര്‍ണ്ണയപ്രകാരം തിരഞ്ഞെടുത്തു
നിത്യജീവപാതയില്‍ ഉറപ്പിച്ചതോ
ദൈവകൃപയാല്‍ ദൈവകൃപയാല്‍
പാടിപുകഴ്‌ത്തിടാം
പാടിപുകഴ്‌ത്തിടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ
നാം പാടി പുകഴ്‌ത്താം
യേശുവെന്ന നാമമേ
എന്‍ ആത്മാവിന്‍ ഗീതമേ
എന്‍ പ്രിയയേശുവെ ഞാനെന്നും
വാഴ്‌ത്തിപുകഴ്‌ത്തിടുമെ
ഘോരഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തില്‍
കാക്കും കരങ്ങളാല്‍ ചേര്‍ത്തു മാര്‍വ്വണച്ച
സ്‌നേഹം നിത്യം പാടും ഞാന്‍
പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാന്‍ മറക്കാ എന്ന വാര്‍ത്തയാല്‍
താഴ്‌ത്തി എന്നെ തന്‍ കരത്തില്‍ വച്ചു
ജീവപാതെ എന്നും ഓടും ഞാന്‍
ഭൂമിയെങ്ങും പോയി സാക്ഷി
ചൊല്ലുവിന്‍ എന്നുരച്ച കല്‍പനയതാല്‍
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍
യോര്‍ദ്ദാന്‍ സമമന ശോധനയിലും
താണുവീണു പോകാതെ
ആര്‍പ്പിന്‍ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്‌നേഹമാശ്ചര്യം -
പാടും ഞാന്‍ യേശുവിന്
പാടും ഞാന്‍ യേശുവിന്
ജീവന്‍ പോവോളം നന്ദിയോടെ
പാടും ഞാനെന്നകതാരിലനുദിനം
വാഴും ശ്രീയേശുവിന്- ഒരു
കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്‌തുതിക്കുമെന്നും
സ്വന്തജനമായ യൂദന്‍മാരെ തള്ളി-
യന്ധതയില്‍ കിടന്നു - ബഹു
സന്താപത്തോടുഴന്നിടും പുറജാതി
സന്തതിയെ വീണ്ടോനേ -
കാട്ടൊലിവിന്‍ ശാഖയായിരുന്നയെന്നില്‍
നല്ല ഫലം നിറപ്പാന്‍ - അവന്‍
വെട്ടിയിട്ടണച്ചെന്നെ നല്ലൊലിവിന്‍ തരു-
വോടതു ചിന്തിച്ചെന്നും-
കണ്‍മണിപോലെന്നെ ഭദ്രമായ് നിത്യവും
കാവല്‍ ചെയ്‌തീടാമെന്നും - തന്റെ
കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും
ഓര്‍ത്തതിമോദമോടെ -
കാന്തനിവനതി മോദമോടെ മേഘ -
വാഹനത്തില്‍ കയറി - തന്റെ
കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു-
ന്നള്ളുന്നതോര്‍ത്തുകൊണ്ടും-
പെന്തക്കോസ്തുനാളില്‍
പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
പിന്‍ മഴ നല്‍കേണം മാലിന്യം മാറേണം
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍.....
മുട്ടോളം അല്ല അരയോളം പോരാ
വലിയൊരു ജീവ നദി ഒഴുക്കാന്‍
നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ-
ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
ചൈതന്യം നല്‍കേണം നവജീവന്‍ വേണം
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ -
സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ
ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഇമ്മാനുവല്‍ നിന്റെ കൂടെയുണ്ട്
എണ്ണമില്ലാതുള്ള നന്മകളോര്‍ത്താല്‍
വര്‍ണ്ണിപ്പാനായിരം നാവുകള്‍ പോരാ
(ഭയപ്പെടേണ്ട)
സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും
ഭയപ്പെടേണ്ടിനിയും
തീച്ചൂളനിന്നെമൂടിയെന്നാലും ഭയപ്പെടേണ്ടിനിയും
കണ്‍മണിപോല്‍ നിന്നെ കാക്കുന്ന ദൈവം
തന്നുള്ളം കൈയ്യില്‍ വഹിച്ചീടുമെന്നും
(ഭയപ്പെടേണ്ട)
കൂട്ടിനായ് ആരും കൂടെയില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
കൂടെ സഹിപ്പാന്‍ ആരുമില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
തന്നുള്ളം കൈയ്യില്‍ വരച്ചവന്‍ നിന്റെ
കൂടെ നടക്കും കൂടെ വസിക്ക
(ഭയപ്പെടേണ്ട)
മഹത്വമേ മഹത്വമേ
മഹത്വമേ മഹത്വമേ
മഹത്വം തന്‍ നാമത്തിന്
മഹത്വത്തിനും സ്തോത്രയാഗ-
ത്തിനും യോഗ്യന്‍ - എല്ലാ നാളും
(മഹത്വമേ . . .)
പറവകള്‍ മൃഗജാതി
ഇഴയുന്ന ജന്തുക്കളും
രാജാക്കള്‍ മഹത്തുക്കള്‍ പ്രഭുക്കന്‍മാര്‍
വംശക്കാര്‍ രക്ഷകനെ -
(മഹത്വമേ . . .)
സൂര്യചന്ദ്രാദികള്‍ കര്‍ത്തനെ
സ്തുതിച്ചിടട്ടെ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
മേലുള്ള വെള്ളവും താരങ്ങളും -
(മഹത്വമേ . . .)
തീക്കല്‍മഴ ഹിമം ആവി കൊടുങ്കാറ്റിവ
പര്‍വ്വതങ്ങള്‍, എല്ലാ കുന്നുമലകളും
വാഴ്‌ത്തീടട്ടെ-
(മഹത്വമേ . . .)
ബാലന്മാര്‍, വൃദ്ധന്‍മാര്‍ ,
യുവതികള്‍, യുവാക്കന്‍മാരും
തപ്പുകള്‍ കിന്നരം കൈത്താള മേള-
ത്താല്‍ വാഴ്‌ത്തീടട്ടെ-
(മഹത്വമേ . . .)
മാന്‍ നീര്‍ത്തോടിനായ്
മാന്‍ നീര്‍ത്തോടിനായ് കാംക്ഷിക്കു-
ന്പോളെന്റെ ഉള്ളം വാഞ്‌ഛിക്കുന്നു
എന്‍ ഹൃദയത്തിനുന്മേഷമാകും നിന്നെ
ആരാധിക്കുന്നു
നീ എന്റെ കോട്ടയും എന്‍ ബലവും
എന്നുള്ളം നിനക്കായ് വാഞ്‌ഛിക്കുന്നു
നീ എന്‍ സഹോദരനും കൂട്ടാളിയും
നീ രാജാവായിരിക്കെ
വാഞ്‌ഛിക്കുന്നു നിന്നെ
ഏറ്റവുമധികമായ് മറ്റാരിലും
(നീ എന്റെ)
ലോക സന്പത്തേക്കാളേറ്റമധികമായ്
നിന്നെ സ്നേഹിക്കുന്നു
നീ എന്‍ പ്രമോദവുമെന്‍
പ്രശംസയും നീയാണെന്‍ സര്‍വ്വസ്വം
(നീ എന്റെ)
യഹോവ ദൈവമാം
യഹോവ ദൈവമാം വിശുദ്ധജാതി നാം
അവനവകാശമാം ജനം നാം
പരദേശികള്‍ നാം ഭാഗ്യശാലികള്‍
ഇതുപോലൊരു ജാതിയുണ്ടോ !
ആപത്തില്‍ നമ്മുടെ ദിവ്യസങ്കേതവും
ബലവും ദൈവം ഒരുവനത്രേ
ആകയാല്‍ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല -
അവനീതലത്തില്‍ അപമാനം
നമുക്കവകാശമെന്നോര്‍ത്തിടണം
അവന്നായ് കഷ്‌ടതയേല്‍ക്കുകില്‍ തേജസ്സില്‍
അനന്തയുഗം വാണിടും നാം-
നിരനിരനിരയായ് അണി നിരന്നിടുവിന്‍
കിരിശിന്‍ പടയാളികളേ
ജയജയജയ കാഹളമൂതീടുവിന്‍
ജയ വീരനാം യേശുവിന്നു-
യാഹ് നല്ല ഇടയന്‍
യാഹ് നല്ല ഇടയന്‍ എന്നും
എന്റെ പാലകന്‍
ഇല്ലെനിക്കു ഖേദമൊന്നുമേ
പച്ചയായ പുല്‍പ്പുറങ്ങളില്‍,
സ്വചഛമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും,
സ്‌നേഹമോടെന്നേശുനായകന്‍
ശത്രുവിന്റെ പാളയത്തിലും,
മൃഷടഭോജ്യമേകിടുന്നവന്‍
നന്മയും കരുണയൊക്കെയും,
നിത്യമെന്നെ പിന്‍തുടര്‍ന്നീടും
കൂരിരുളിന്‍ താഴ്‌വരയതില്‍
ഏകനായ് സഞ്ചരിക്കിലും
ആധിയെന്യേ പാര്‍ത്തിടുന്നതും
ആത്മനാഥന്‍ കൂടെയുള്ളതാല്‍
കഷ്‌ട നഷ്‌ട ശോധനകളില്‍
പൊന്‍മുഖം ഞാന്‍ നേരില്‍ കണ്ടിടും
ശാശ്വത ഭുജങ്ങളിന്‍ മീതെ
നിര്‍ഭയനായ് ഞാന്‍ വസിച്ചിടും
യേശു എന്‍ അടിസ്ഥാനം
യേശു എന്‍ അടിസ്ഥാനം
ആശ്രയം അവനിലത്രേ
ആശ്വാസത്തിന്‍ പൂര്‍ണ്ണത
യേശുവില്‍ കണ്ടേ ഞാനും
എത്ര മധുരമവന്‍-നാമ-
മെനിക്കു പാര്‍ത്താല്‍
ഓര്‍ത്തു വരുന്തോറുമെ-
ന്നാര്‍ത്തി മാഞ്ഞുപോകുന്നു -
ദു:ഖം ദാരിദ്യ്രമെന്നിവയ്‌ക്കുണ്ടോ
ശക്തിയെന്മേല്‍
കൈക്കു പിടിച്ചു നടത്തി-
ക്കൊണ്ടുപോകുന്നവന്‍-
രോഗമെന്നെ പിടിച്ചെന്‍ ദേഹം
ക്ഷയിച്ചാലുമേ
വേഗം വരുമെന്‍ നാഥന്‍
ദേഹം പുതുതാക്കീടാന്‍ -
പാപത്താലെന്നില്‍വന്ന
ശാപക്കറകള്‍ മാറ്റി
ശോഭിത നീതി വസ്ത്രം -
ആഭരണമായ് നല്‍കും -
വന്പിച്ച ലോകത്തിര - കന്പം
തീരുവോളവും
മുന്പും പിന്പുമായവന്‍
അന്‍പോടെന്നെ നടത്തും-
ലോകമെനിക്കുവൈരി-
ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍ -
ഏതും ഭയപ്പെടാ ഞാന്‍-
വെക്കം തന്‍ മണവാട്ടിയാ-
ക്കീടുമെന്നെയെന്നു
വാക്കുണ്ടെനിക്കു തന്റെ
നീക്കമില്ലതിനൊട്ടും
യഹോവ യിരെ
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൗഖ്യദായകന്‍
തന്‍ അടിപ്പിണരാല്‍ സൗഖ്യം
യഹോവ ശമ്മ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി (2)
നീ മാത്രം മതിയെനിക്ക്
യഹോവ ഏലോഹിം സൃഷ്ടാവാം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഈല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
യേശു നല്ലവന്‍
യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
സ്‌തുതിച്ചിടുക നാം അവന്റെ നാമം
ഹാലേലുയ്യ , ഹാലേലുയ്യ
മഹത്വവും ജ്ഞാനവും
സ്‌തോത്രവും ബഹുമാനം
ശക്തിയും ബലവും എന്‍ യേശുവിന്
എന്റെ കര്‍ത്താവേ ! എന്റെ യഹോവേ !
നീയൊഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്‍മാരോ
അവര്‍ എനിക്കു ശ്രേഷ്ഠന്‍മാര്‍ തന്നെ
ഞാന്‍ യഹോവയ്‌ക്കായ് കാത്തുകാത്തല്ലോ
അവന്‍ എങ്കലേക്കു ചാഞ്ഞുകേട്ടല്ലോ
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി-
എന്‍ കാലുകളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ ദൈവത്തിനു സ്തുതിതന്നെ-
സൈന്യത്താലല്ല ശക്തിയാലല്ല ,
ദൈവ ആത്മാവാല്‍ നടത്തിടുന്നു ,
കൃപ കൃപയെന്നാര്‍ത്തുകൊണ്ട്
ആണിക്കല്ലു കയറ്റിടുന്നു
യേശുമണവാളന്‍
യേശുമണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍
മധ്യവാനില്‍ വെളിപ്പെടുവാന്‍
കാലം ആസന്നമായി പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ
ചേരും നാം വേഗത്തില്‍
ഇന്പവീടതില്‍
കാണും നാം അന്നാളില്‍
പ്രിയന്‍ പൊന്മുഖം (2)
യുദ്ധങ്ങളും ക്ഷാമവും ഭൂകന്പവും
അടിക്കടി ഉയര്‍ന്നീടുന്പോള്‍ (2)
കാന്തന്‍ യേശു വരാന്‍ കാലമായ്
രൂപാന്തരം പ്രാപിക്കും (2)
രോഗദു:ഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ (2)
ദേഹം മണ്ണോട് ചേര്‍ന്നെന്നാലും
രൂപാന്തരം പ്രാപിക്കും (2)
യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമെ
യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമെ
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ
ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചീടുന്നെ
(യേശു)
പോക്കി എന്റെ പാപമെല്ലാം തന്റെ യാഗത്താല്‍
നീക്കിയെന്റെ ശാപമെല്ലാം താന്‍ വഹിച്ചതാല്‍
ഓര്‍ക്കുന്തോറുംസ്‌നേഹമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ
പാര്‍ക്കുന്നേതന്‍കൂടെവാഴാന്‍ എന്നു സാദ്ധ്യമോ-
(യേശു)
ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍
ശോഭയേറും വീടെനിക്കൊരുക്കീടുന്നവന്‍
കൈകളാല്‍ തീര്‍ക്കാത്ത നിത്യപാര്‍പ്പിടം തന്നില്‍
വാണിടുന്നനാളിനായ് ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ
(യേശു)
എന്നു തീരുമെന്റെ കഷ്ടം ഇന്നീമന്നിലെ
അന്നു മാറുമെന്റെ ദു:ഖം നിശ്ചയം തന്നെ
അന്നു തന്റെ ശുദ്ധരൊത്ത് പാടിയാര്‍ക്കുമേ
എന്നെനിക്കു സാധ്യമോ മഹല്‍ സമ്മേളനം
(യേശു)
നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ !
അല്ലല്‍ തീര്‍ക്കാനെന്നു വന്നു ചേര്‍ത്തീടുമെന്നെ
തുല്യമില്ലാ മോദത്തോടെ വീണകളേന്തി
ഹല്ലേല്ലുയ്യാ ഗാനം പാടി വാണിടുവാനായ്
(യേശു)
രാജാധിരാജന്‍
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ് (2)
ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍
നിന്ദ കഷ്‌ടത പരിഹാസങ്ങള്‍
ദുഷികളെല്ലാം തീരാന്‍ കാലമായി
പ്രാണപ്രിയന്റെ പൊന്നുമുഖത്തെ
തേജസ്സോടെ നാം കാണ്‍മാന്‍ കാലമായ്
കാന്തനുമായി വാസം ചെയ്യുവാന്‍
കാലം സമീപമായി പ്രിയരേ
ഒരുങ്ങി നിന്നോര്‍ തന്നോടുകൂടെ
മണിയറയില്‍ വാഴാന്‍ കാലമായ്
യുഗായുഗമായ് പ്രിയന്‍ കൂടെ നാം
വാഴും സുദിനം ആസന്നമായി
കാഹളധ്വനി കേള്‍ക്കും മാത്രയില്‍
മറുരൂപമായ് പറന്നീടും നാം
വാഴ്‌ത്തി സ്‌തുതിക്കുമെന്നും
വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാനെന്റെ
താഴ്‌ചയില്‍ ഓര്‍ത്ത ഈശനെ
വര്‍ണ്ണിച്ചിടാനെനിക്കെന്റെ നാവു പോരായേ
എണ്ണിത്തീര്‍ത്തിടാമോ അവന്‍ ചെയ്‌തത്
ആയിരമായ് സ്‌തുതിച്ചിടുന്നേ
ആനന്ദഹസ്‌തങ്ങളെ ഉയര്‍ത്തി
പാപശാപരോഗമായതിന്റെ ഭീതിയാല്‍
നാശഗര്‍ത്തത്തില്‍ പതിക്കും നേരത്തില്‍
സ്‌നേഹഹസ്‌തം നീട്ടിയെന്നെ
നിന്‍ തിരുരാജ്യത്തിലാക്കിയല്ലോ-
ചേറ്റിലല്ലയോ കിടന്നതോര്‍ത്തു നോക്കിയാല്‍
നാറ്റമല്ലയോ വമിച്ചതെന്‍ ജീവിതം
മാറ്റിയല്ലോ എന്‍ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാല്‍
പാപികളെത്തേടി വന്ന യേശുരക്ഷകന്‍
പാപമില്ലാശുദ്ധര്‍ക്കായിതാ വരുന്നേ
വരവിന്‍ ദിനം അതിസമീപം
വരവിന്‍ പ്രത്യാശയാല്‍ നിറഞ്ഞിടുമേ
അല്ലല്‍ തിങ്ങുംജീവിതത്തില്‍
ഞാന്‍ വസിച്ചപ്പോള്‍
വല്ലഭാ നിന്‍ സ്‌നേഹമെന്നില്‍ ഊറ്റിയല്ലോ
ജയഗീതം പാടിടുവാന്‍
നിന്‍ ജയം നീ എനിക്കേകിയല്ലോ
ശ്രീയേശൂനാമം അതിശയനാമം
ശ്രീയേശൂനാമം അതിശയനാമം
ഏഴയെനിക്കിന്പനാമം
പാപപരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തില്‍
മാതൃകയെ കാട്ടിത്തന്ന
പാവനമാം പുണ്യനാമം -
എണ്ണമില്ലാ പാപം എന്നില്‍ നിന്നു നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു
എന്നേയ്‌ക്കുമായ് മായ്‌ച്ചുതന്ന
ഉന്നതന്റെ വന്ദ്യനാമം -
എല്ലാ നാമത്തിലും മേലായ നാമം
ഭക്തര്‍ ജനം വാഴ്‌ത്തും നാമം
എല്ലാ മുഴങ്കാലും
മടങ്ങിടും തിരുമുന്പില്‍
വല്ലഭത്വം ഉള്ള നാമം -
ഭൂതബാധിതര്‍ക്കും
നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം കുരുടര്‍ക്കും മുടന്തര്‍ക്കും
കുഷ്‌ഠരോഗികള്‍ക്കുമെല്ലാം
വിടുതലും നല്‍കും നാമം -
നീതിയോടെ രാജ്യഭാര -
മേല്‍പാന്‍ ഭൂവില്‍
വേഗം വരുന്ന നാമം
നാടുവാഴികളാം തന്റെ
സിദ്ധരുമായ് ദാവീദിന്‍
സിംഹാസനത്തില്‍ വാഴും നാമം -
വാനം ഭൂമി ഏവം
പാതാളമൊരുപോല്‍
വാഴ്‌ത്തി വണങ്ങും നാമം
വാനിലും ഭൂവിലുമുള്ള
എല്ലാ അധികാരത്തെയും
ആയുധം വയ്‌പിച്ച നാമം
സര്‍വ്വ നന്മകള്‍ക്കും
സര്‍വ്വ നന്മകള്‍ക്കും
സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാം എന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍
ആഴി ആഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറപിടിച്ചു
താതന്‍ തിരുക്കരം തേടിയെത്തി
എന്നെ മാര്‍വ്വോടു ചേര്‍ത്തണച്ചു
പരിശുദ്ധാത്മാവാല്‍ നിറയ്‌ക്ക
അനുദിനവും എന്നെ പരനെ
നിന്റെ വേലയെ തികച്ചീടുവാന്‍
നല്‍വരങ്ങളെ നല്‍കീടുക
സര്‍വ്വസൃഷ്ടികളുമൊന്നായ്
സര്‍വ്വസൃഷ്ടികളുമൊന്നായ്
പുകഴ്‌ത്തിടുന്ന
സൃഷ്‌ടാവിനെ സ്തുതിക്കും ഞാന്‍
ഈ ക്ഷോണിതലത്തില്‍
ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നുനാഥനെ
യേശു മാറാത്തവന്‍ (3)
ഹാ എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
തന്റെ കരുണയെത്രയോ
അതിവിശിഷ്‌ടം !
തന്‍ സ്നേഹമാശ്ചര്യമേ
എന്‍ ലംഘനങ്ങളും
എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്റെ സ്നേഹത്താല്‍ -
രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവന്‍
നല്ല വൈദ്യനും ദിവ്യഔഷദവുമെന്‍
ആത്മസഖിയും അവന്‍ തന്നെ -
തേജസ്സില്‍ വാസം ചെയ്യുന്ന
വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാന്‍
ദിവ്യ ആത്മാവാല്‍
ശുദ്ധീകരിച്ചെന്നെയും
തന്‍ സന്നിധിയില്‍ നിറുത്തിടുമേ-
സീയോനില്‍ വാണിടുവാനായ്
വിളിച്ചു തന്റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ ! എന്തൊരത്ഭുതം !
ഈ വന്‍കൃപയെ ഓര്‍ക്കുന്പോള്‍
നന്ദികൊണ്ടെന്നുള്ളം തുള്ളുന്നേ-
സീയോന്‍ സഞ്ചാരി ഞാന്‍
സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍
മോക്ഷയാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്‌ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്‌ചകള്‍ താഴ്‌ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും -
ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ക്ല ഭാഗ്യം ഉണ്ടു ക്രിസ്തുവില്‍
നാഥനു മുള്‍മുടി നല്‍കിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്? -
സാക്ഷികള്‍ സമൂഹം എന്റെ ചുറ്റിലും
നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍
ഭാരവും പാപവും വിട്ടു ഞാനോടുമ-
ന്നേരവും യേശുവെ നോക്കിടും -
എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍ -
ബാലശിക്ഷ നല്‍കുമെന്നപ്പന്നെങ്കിലും
ചേലെഴും തന്‍ സ്നേഹം കുറഞ്ഞു പോയിടാ
നന്മയേ തന്‍കരം നല്‍കുമെന്നീശനില്‍
എന്‍മനം വിശ്രമം നേടിടും -
സ്തുതിചെയ് മനമേ
സ്തുതിചെയ് മനമേ നിത്യവും നിന്‍
ജീവനാഥനേശുവേ
ഇതുപോല്‍ സ്വജീവന്‍ തന്നൊരാത്‌മ
സ്നേഹിതന്‍ വേറാരിനി?
മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു
ഭീതി തീര്‍ത്ത നാഥനെ -
ബഹുമാന്യനാമാചാര്യനായി
വാനിലവന്‍ വാഴ്‌കയാല്‍
ബലഹീനതയില്‍ കൈവിടാതെ
ചേര്‍ത്തുകൊള്ളുമാകയാല്‍ -
ദിനവും മനമേ തത്സമയം
വന്‍ കൃപകള്‍ പ്രാപിപ്പാന്‍
അതിധൈര്യമായ് കൃപാസനത്തി
ന്നന്തികത്തില്‍ ചെന്നു നീ -
ബഹുദൂതരുച്ചനാദമോടെ
വാഴ്‌ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാന്‍ യോഗ്യനെ